ന്യൂഡൽഹി: നേത്രചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് സുപ്രീംകോടതിയുടെ അനുമതി. പശ്ചിമ ബംഗാൾ സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് കോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനും ഇഷ്ടമുള്ള ചികിത്സ തെരഞ്ഞെടുക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
മൂന്നാഴ്ചത്തെ വിദേശയാത്രയ്ക്കാണ് ഉപാധികളോടെ അനുമതി നൽകിയത്. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഷേക് ബാനർജിയുടെ ആരോഗ്യവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശവും കോടതി അംഗീകരിച്ചു. ആരോഗ്യ വിവരങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാക്കാതിരിക്കുക സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
അഭിഷേക് ബാനർജിക്കെതിരെ 15ഓളം കേസുകളുണ്ടെന്നും വിദേശത്തേക്ക് പോയാൽ ഇന്ത്യയിലേക്ക് മടങ്ങിവരാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും പശ്ചിമ ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ എസ്.വി. രാജു വാദിച്ചു. എന്നാൽ കേസുകൾ ഗുരുതര സ്വഭാവത്തിലുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഗുരുതര കേസുകളുള്ളവർക്കുപോലും മുമ്പ് വിദേശയാത്രയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
യാത്രയുമായി ബന്ധപ്പെട്ട വിമാന വിവരങ്ങൾ, വിദേശത്തെ താമസസ്ഥലം, ചികിത്സിക്കുന്ന ഡോക്ടർമാരുടെയും ആശുപത്രിയുടെയും വിവരങ്ങൾ എന്നിവ കോടതിയിൽ സമർപ്പിക്കണമെന്നും അഭിഷേക് ബാനർജിക്ക് നിർദേശം നൽകി.